മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നിലയിലേക്കു കേരളം വളരുകയാണെന്നു മുഖ്യമന്ത്രി

ലോകത്തിന്‍റെ എല്ലാ കോണിലുമുള്ള മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നിലയിലേക്കു കേരളം വളരുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
സര്‍ക്കാര്‍ കൊണ്ടുവരുന്ന വികസനപദ്ധതികള്‍ നാടിന്‍റെ സാമൂഹിക, സാമ്ബത്തിക, വൈജ്ഞാനിക മേഖലകളില്‍ അഭൂതപൂര്‍വമായ മാറ്റമുണ്ടാക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന്‍റെ ഭാഗമായി ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തോടുള്ള കരുതലും കാലത്തിനനുസൃതമായി കേരളം മുന്നേറണമെന്ന അഭിവാഞ്്ഛയുമുള്ളവരാണു ലോകമാകെയുള്ള മലയാളി പ്രവാസി സഹോദരങ്ങളെന്നു മുഖ്യമന്ത്രി പറഞ്ഞു. സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഭരണനിര്‍വഹണത്തിലൂടെ എല്ലാ മേഖലകളിലും മുന്നേറ്റം നടത്തിയ ഏഴു വര്‍ഷങ്ങളാണു കടന്നുപോകുന്നത്.കേരളം മുന്നേറണമെന്ന പ്രവാസി സഹോദരങ്ങളുടെ അതിയായ ആഗ്രഹത്തിന്‍റെ പ്രകടനമാണ് ലോക കേരളസഭയുടെ മേഖലാ സമ്മേളനങ്ങളില്‍ കണ്ടതെന്നു മുഖ്യമന്ത്രി പറഞ്ഞു. അമേരിക്കയില്‍ സംഘടിപ്പിച്ച മേഖലാ സമ്മേളനം വിജയകരമായിരുന്നു. മേഖലാ സമ്മേളനം വിജയിപ്പിച്ചതില്‍ നാട് അങ്ങേയറ്റം സന്തോഷിക്കുന്നതായും അക്കാര്യം നാടിനുവേണ്ടി പങ്കുവയ്ക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.