വീടില്ലാത്ത ഒരാൾ പോലും കേരളത്തിൽ ഉണ്ടാകാൻ പാടില്ല; മുഖ്യമന്ത്രി

വീടില്ലാത്ത ഒരാൾ പോലും കേരളത്തിൽ ഉണ്ടാകാൻ പാടില്ലെന്ന ലക്ഷ്യമാണ് സർക്കാരിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭവനരഹിതരില്ലാത്ത നാടായി കേരളത്തെ മാറ്റിത്തീർക്കാൻ സർക്കാരാവിഷ്കരിച്ച പദ്ധതിയാണ് ലൈഫ് മിഷൻ. ലൈഫിന്റെ കീഴിൽ പണിതുകഴിഞ്ഞ 20,073 വീടുകൾ കൊല്ലത്ത് നാടിന് സമർപ്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്വന്തമായി അടച്ചുറപ്പുള്ളൊരു വീട് എന്നത് ഏതൊരു മനുഷ്യന്റെയും വലിയ സ്വപ്നമാണ്. ജീവിതത്തിലെ വെല്ലുവിളികൾ മൂലം ഈ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കാതെ പോകുന്നവരുണ്ട്. അങ്ങനെ ഒരാൾ പോലും കേരളത്തിലുണ്ടാകാൻ പാടില്ല എന്ന ലക്ഷ്യം കൈവരിക്കാൻ പ്രതിജ്ഞാബദ്ധമായി പരിശ്രമിക്കുകയാണ് എൽഡിഎഫ് സർക്കാർ. ഭവനരഹിതരില്ലാത്ത നാടായി കേരളത്തെ മാറ്റിത്തീർക്കാൻ സർക്കാരാവിഷ്കരിച്ച പദ്ധതിയാണ് ലൈഫ് മിഷൻ.

ലൈഫിന്റെ കീഴിൽ പണിതുകഴിഞ്ഞ 20,073 വീടുകളാണ് കൊല്ലത്ത് നാടിന് സമർപ്പിച്ചത്. ഈ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഏറെ ഹൃദ്യമായ അനുഭവമായിരുന്നു. ഒരുപാട് കാലത്തെ സ്വപ്നവും പ്രയത്നവും യാഥാർത്ഥ്യമായതിന്റെ സന്തോഷവും സംതൃപ്തിയും അവിടെയെത്തിയവരിൽ കാണാൻ സാധിച്ചു. 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇതുവരെ 3,42,156 വീടുകളാണ് നിർമ്മാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് സമർപ്പിച്ചത്. അത്രയും കുടുംബങ്ങൾ ഇനി സംതൃപ്തിയോടെ ജീവിക്കുമെന്നത് ഏറെ സന്തോഷം നൽകുന്നു. ഭവനരഹിതരില്ലാത്ത കേരളമെന്ന വലിയ ലക്ഷ്യം നമ്മൾ പൂർത്തീകരിക്കും. മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.