2025-ഓടെ ചന്ദ്രനിൽ സസ്യങ്ങൾ വളർത്തണം; ദൗത്യവുമായി ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ

ബ്രിസ്‌ബേൻ: ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ വിപ്ലവകരമായ ഒരു പുതിയ ദൗത്യത്തിന് തുടക്കമിട്ടു. 2025 ഓടെ ചന്ദ്രനിൽ സസ്യങ്ങൾ വളർത്താനാണ് ശാസ്ത്രജ്ഞർ പദ്ധതിയിടുന്നത്. ഭാവിയിൽ ഒരു കോളനിക്ക് വഴിയൊരുക്കാൻ ഇത് സഹായിക്കുമെന്ന് അവർ പറഞ്ഞു.

സ്വകാര്യ ഇസ്രായേലി ചാന്ദ്ര ദൗത്യമായ ബെറെഷീറ്റ് 2 ബഹിരാകാശ പേടകം വഴി വിത്തുകൾ ചന്ദ്രനിൽ എത്തിക്കുമെന്ന് ക്വീൻസ്‌ലാന്റ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ജീവശാസ്ത്രജ്ഞനായ ബ്രെറ്റ് വില്യംസ് പറഞ്ഞു. ലാൻഡ് ചെയ്ത ശേഷം അവ സീൽ ചെയ്ത ചേമ്പറിനുള്ളിൽ നനയ്ക്കുകയും മുളയ്ക്കലിന്‍റെയും വളർച്ചയുടെയും ലക്ഷണങ്ങൾ നിരീക്ഷിക്കുകയും ചെയ്യും. വിഷമകരമായ സാഹചര്യങ്ങളെ അവ എത്ര നന്നായി നേരിടുന്നുവെന്നും അവ എത്ര വേഗത്തിൽ മുളയ്ക്കുന്നുവെന്നും അടിസ്ഥാനമാക്കിയാണ് സസ്യങ്ങളുടെ തിരഞ്ഞെടുപ്പ്, അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയൻ റിസറക്ഷൻ ഗ്രാസ് ആണ് ചന്ദ്രനിൽ നടാൻ ഏറ്റവും സാധ്യതയുള്ളത്. കാരണം ഏത് വിഷമകരമായ സാഹചര്യത്തിലും സ്വയം അതിജീവിക്കാനുള്ള കഴിവ് ഈ സസ്യത്തിനുണ്ട്. മാസങ്ങളോളം വെള്ളം കിട്ടിയില്ലെങ്കിലും അവ അതിജീവിക്കും. ഭക്ഷണം, മരുന്ന്, ഓക്സിജൻ ഉൽപാദനം എന്നിവയ്ക്കായി സസ്യങ്ങൾ വളർത്തുന്നതിനുള്ള ആദ്യപടിയാണ് ഈ പദ്ധതിയെന്നും ചന്ദ്രനിൽ മനുഷ്യജീവിതം സ്ഥാപിക്കുന്നതിൽ ഇത് നിർണായകമാണെന്നും ഗവേഷകർ പ്രസ്താവനയിൽ പറഞ്ഞു.