പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറക്കാൻ ക്രിയാത്മക നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷ കമീഷണര്‍.

പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറക്കാൻ ക്രിയാത്മക നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷ കമീഷണര്‍. നിർദേശങ്ങളോട് സഹകരിക്കുമെന്ന് വ്യാപാരികൾ ഉറപ്പുനൽകി. പാത്രങ്ങളുമായി പാർസല്‍ വാങ്ങാന്‍ വരുന്നവര്‍ക്ക് അഞ്ചുമുതല്‍ 10 ശതമാനം വരെ കിഴിവ് നല്‍കുമെന്ന നിർദേശമാണ് ഇതിൽ പ്രധാനം. നിശ്ചിത തുകക്ക് സ്റ്റീൽ പാത്രം നൽകുന്നതാണ് മറ്റൊന്ന്. ഈ പാത്രം മറ്റേത് ഭക്ഷണശാലയിൽ നൽകിയാലും റീഫണ്ട് കിട്ടും. നിലവിൽ ഊണും കറികളും കൊടുക്കുന്ന പൊതിയിലൂടെ ഒരുകൂട്ടം പ്ലാസ്റ്റിക് മാലിന്യമുണ്ടാകുന്നുണ്ട്.

ഇതിനു പരിഹാരമായി ഒരൊറ്റ പാത്രത്തിൽതന്നെ നൽകാൻ കഴിയുന്ന തരത്തിലുള്ള ഡിസൈൻ കൊണ്ടുവരും. ഇതിനായി പാക്കേജിങ് മാനുഫാക്ചറിങ് കമ്പനികളുമായി ആലോചന നടത്തി ഒരാഴ്ചക്കകം തീരുമാനമെടുക്കും. ഫുഡ് പാക്കേജിങ്ങുമായി ബന്ധപ്പെട്ട് ഭക്ഷ്യോൽപാദന, വിതരണ, വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ക്കായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടിയിലാണ് ഭക്ഷ്യസുരക്ഷ കമീഷണര്‍ വി.ആര്‍. വിനോദ് ഈ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. പാക്കേജിങ് സാമഗ്രികൾ ഫുഡ് ഗ്രേഡ് ഇനത്തിലുള്ളതായിരിക്കാനും അതിന്‍റെ സർട്ടിഫിക്കറ്റ് കടകളിൽ സൂക്ഷിക്കാനും നിർദേശമുണ്ട്. ഇത് ആവശ്യമായ സമയത്ത് പരിശോധിക്കാൻ നൽകണം. ഒപ്പം സാമ്പിളെടുത്തും പരിശോധിക്കുമെന്ന് ഭക്ഷ്യസുരക്ഷ കമീഷണര്‍ പറഞ്ഞു.മാലിന്യമുക്ത നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായാണ് ബദല്‍ മാര്‍ഗങ്ങളുടെ സാധ്യതകള്‍ സംബന്ധിച്ച് ചര്‍ച്ച നടന്നത്. ചടങ്ങില്‍ ഫുഡ് പാക്കേജിങ് ആന്‍ഡ് സേഫ്റ്റി റിക്വയര്‍മെന്റസ് എന്ന വിഷയത്തില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് ജോയന്റ് ഡയറക്ടര്‍ റിനോ ജോണ്‍ ഭക്ഷ്യസുരക്ഷ ഓഫിസര്‍മാര്‍ക്കായി പരിശീലന ക്ലാസെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കുടുംബശ്രീ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു

.