പ്ലസ്‌ വൺ : ഇതുവരെ പ്രവേശനം നേടിയവർ 3,61,137 ; ഒഴിഞ്ഞുകിടക്കുന്ന സീറ്റ്‌ 64,290

തിരുവനന്തപുരം :
സംസ്ഥാനത്ത്‌ ആകെയുള്ള 4,25,427 പ്ലസ്‌ വൺ സീറ്റിലേക്കുള്ള ഏകീകൃത അലോട്ട്‌മെന്റ്‌ പ്രക്രിയയിൽ ഇതുവരെ 3,61,137 പേർ പ്രവേശനം നേടി. ശേഷിക്കുന്ന 64,290 സീറ്റ്‌ ചൊവ്വ ആരംഭിക്കുന്ന രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഉൾപ്പെടുത്തും. അതിനു ശേഷവും കുട്ടികൾക്ക്‌ പ്രവേശനം ലഭിച്ചില്ലെങ്കിൽ താലൂക്കു തലങ്ങളിൽനിന്ന്‌ ശേഖരിക്കുന്ന കണക്കിന്റെ അടിസ്ഥാനത്തിൽ മുഴുവൻ കുട്ടികൾക്കും പ്രവേശനം സാധ്യമാകുന്ന വിധത്തിൽ അധികബാച്ചുകളോ ബാച്ച്‌ ക്രമീകരണമോ നടക്കും. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷം സംസ്ഥാനത്ത്‌ ആകെ ഒഴിഞ്ഞുകിടന്നത്‌ 10,600 മെറിറ്റ്‌ സീറ്റടക്കം 70,307 സീറ്റായിരുന്നു.

സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷം എയ്‌ഡഡ്‌ മാനേജ്‌മെന്റ ക്വോട്ടയിലെ 17,788 സീറ്റ്‌ ഒഴിഞ്ഞുകിടക്കുന്ന കണക്കുകൾ ദേശാഭിമാനി പുറത്തുവിട്ടതിനെ തുടർന്ന്‌ എയ്‌ഡഡ്‌ മാനേജ്‌മെന്റ്‌ സീറ്റുകളിൽ പ്രവേശനം നടത്തിയ കണക്കുകൾ മാനേജ്‌മെന്റുകൾ ഏകജാലക പ്രവേശന സംവിധാനത്തിലേക്ക്‌ അപ്‌ഡേറ്റ്‌ ചെയ്‌തുതുടങ്ങി. തുടർന്നാണ്‌ ആകെ ഒഴിവ്‌ സീറ്റുകളുടെ എണ്ണം 70,307ൽ നിന്ന്‌ ശനി രാത്രി വരെയുള്ള കണക്കനുസരിച്ച്‌ 64,290 ആയി കുറ
ഞ്ഞത്‌.

മലപ്പുറത്ത്‌ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷം 13,060 സീറ്റാണ്‌ മാനേജ്‌മെന്റിൽ ഒഴിഞ്ഞുകിടന്നത്‌. മാനേജ്‌മെന്റ്‌ ക്വോട്ട സീറ്റുകളിലെ പ്രവേശന നടപടികൾ പ്ലസ്‌ വൺ ഏകജാലക പോർട്ടലിൽ അപ്‌ലോഡ്‌ ചെയ്യാൻ ആരംഭിച്ചതോടെ ഇത്‌ 1363 സീറ്റായി കുറഞ്ഞു. സയൻസ്‌–- 583, ഹ്യുമാനിറ്റീസ്‌–- 361, കൊമേഴ്‌സ്‌–- 419 എന്നിങ്ങനെയാണ്‌ ഒഴിവ്‌ കണക്ക്‌.

രണ്ടാം സപ്ലിമെന്ററിയിൽ 
എല്ലാവർക്കും പ്രവേശനം
ഇനിയും പ്രവേശനം അസാധ്യമായ കുട്ടികളുടെ കണക്ക്‌ ശേഖരിച്ച്‌ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ പ്രക്രിയയുടെ ഭാഗമായി അധിക ബാച്ചുകളോ/ബാച്ച്‌ പുനക്രമീകരണമോ ഉണ്ടാകും. എന്നാൽ, ഇത്‌ ജില്ലയാകെ ഉണ്ടാകില്ല. പ്രവേശനം സാധ്യമാകാത്ത കൂടുതൽ കുട്ടികളുള്ള പ്രാദേശിക കേന്ദ്രങ്ങളിലാണ്‌ എല്ലാ കുട്ടികൾക്കും പ്രവേശനം ഉറപ്പാക്കാനുള്ള നടപടികളുണ്ടാകുക. ഇതിനായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പ്രത്യേക യോഗം ചേരും.