സൈബറാക്രമണ കേസുകള്‍ കൂടുന്നു;അന്വേഷിക്കാൻ സൈബർ ഡിവിഷനുമായി കേരള പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാൻ സൈബർ ഡിവിഷൻ രൂപീകരിക്കുന്നു. ഇക്കാര്യം ചർച്ച ചെയ്യാനായി ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ അടുത്ത മാസം 8ന് യോഗം ചേരും. സൈബർ ആക്രമണങ്ങൾ അന്വേഷിക്കാനായി സംസ്ഥാനത്ത് 6 പ്രത്യേക സംഘങ്ങളും രൂപീകരിക്കും. സംസ്ഥാനത്ത് ഓണ്‍ ലൈൻ സാമ്പത്തിക തട്ടിപ്പുകളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ സൈബർ ആക്രണങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് സൈബർ ഡിവിഷൻ ആരംഭിക്കുന്നത്.

ദിവസവും 30 മുതൽ 40വരെ സൈബർ കേസുകള്‍ സംസഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതികള്‍ പലതും ഇതരസംസ്ഥാനത്തും വിദേശത്തിരുന്നുമാണ് നിയന്ത്രിക്കുന്നത്. എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള തട്ടിപ്പുവരെ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സൈബർ അന്വേഷണം ശക്തിപ്പെടുത്താനുള്ള തീരുമാനം. നിലവിൽ എല്ലാ ജില്ലകളിലും സൈബർ പൊലീസ് സ്റ്റേഷനുകളുണ്ട്. ജില്ലാ പൊലീസ് മേധാവിമാരുടെ കീഴിലാണ് ഈ സ്റ്റേഷനുകള്‍. ഈ സ്റ്റേഷനുകളെല്ലാം ഒരു ഐജിയും എസ്പിയും അടങ്ങുന്ന പ്രത്യേക സൈബർ ഡിവിഷന് കീഴിലാക്കാനാണ് ശുപാർശ.

പ്രത്യേക സൈബർ ആസ്ഥനവും സൈബർ കേസുകളുടെ അന്വേഷണത്തിനായി തുകയും മാറ്റിവയ്ക്കാനാണ് ഡിജിപി നൽകിയ ശുപാർശ. നിലവിൽ സൈബർ ഓപ്പറേഷന് ഒരു എസ്പിയുടെ നേതൃത്വത്തിൽ കുറച്ച് പൊലിസുകാർ മാത്രമുള്ള സംവിധാനം പൊലീസ് ആസ്ഥാനത്തുണ്ട്. ഈ സംവിധാനം ഉപയോഗിച്ചാണ് സാമ്പത്തിക തട്ടികള്‍ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പുകാരുടെ അക്കൗണ്ട് മരവിപ്പിക്കന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. ഈ അംഗബലം മാത്രം നിലവിലെ കേസുകളെ നേരിടാൻ കഴിയാത്ത സാഹചര്യത്തിലാണ് വിപുലീകരണം. 20 ഉദ്യോഗസ്ഥരടങ്ങുന്ന ആറു സൈബർ സ്ക്വാഡുകള്‍ രൂപീകരിക്കാനാണ് പദ്ധതി.

ക്രമസമാധാന ചുമതലയിലുള്ളവർ ഉള്‍പ്പെടെ ഇതിലുണ്ടാകും. 750 പൊലിസുകാർക്ക് സൈബർ പരിശീലനം നൽകുന്നുണ്ട്. ഇതിൽ നിന്നും പരീക്ഷയിലൂടെ തെരഞ്ഞെടുക്കുന്ന വിവിധ റാങ്കിലുള്ള 120 പൊലീസുകാരാകും പ്രധാനപ്പെട്ട സൈബർ ആക്രണങ്ങളും പരാതികളും അന്വേഷിക്കാനുള്ള സംഘത്തിലുണ്ടാവുക. എട്ടിന് ചേരുന്ന ഉന്നത യോഗത്തില്‍ സൈബർ ഡിവിഷൻെറ ഘടനയിൽ അന്തിമതീരുമാനമുണ്ടാകും.