കരഞ്ഞു തളർന്ന കുഞ്ഞിന് പാലൂട്ടി റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥ
തിരുവനന്തപുരം:കരഞ്ഞു തളർന്ന കുഞ്ഞിന് പാലൂട്ടി റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥ.ഇന്നലെ റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ പരീക്ഷയ്ക്കിടെയായിരുന്നു സംഭവം.പരീക്ഷയില്‍ പങ്കെടുത്ത യുവതിയുടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞിൻ്റെ കരച്ചില് സഹിക്കാനാവാതെ വന്ന പരീക്ഷാ കേന്ദ്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർആർബി തിരുവനന്തപുരം നോർത്ത് ഡിവിഷനിലെ വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ എ.പാർവതിയാണ് കുഞ്ഞിന് പാലൂട്ടിയത്.
ഇന്നലെ രാവിലെ എട്ടരയോടെ നഗരൂർ രാജധാനി എഞ്ചിനീയറിങ് കോളെജിലായിരുന്നു പാർവതിക്ക് ഡ്യൂട്ടി. പട്ടം സ്വദേശിയായ യുവതി ഭർത്താവിനും രണ്ട് മാസം പ്രായമായ കൈക്കുഞ്ഞിനും ഒപ്പമാണ് പരീക്ഷയ്ക്കെത്തിയത്. 7.30 മുതല്‍ 8.30 വരെയാണ് പരീക്ഷാ ഹാളില്‍ പ്രവേശിക്കേണ്ട സമയം. കുഞ്ഞിന്റെ അമ്മ പരീക്ഷാ ഹാളില്‍ പ്രവേശിച്ച് ലോഗിൻ നടപടികള്‍ പൂർത്തിയാക്കിക്കഴിഞ്ഞ ശേഷമാണ് കുഞ്ഞ് നിർത്താതെ കരയാൻ തുടങ്ങിയത്.
കരഞ്ഞു കൊണ്ടിരുന്ന കുഞ്ഞുമായി യുവതിയുടെ ഭർത്താവ് പരീക്ഷ നടക്കുന്ന കെട്ടിടത്തിന് സമീപമെത്തി സഹായം അഭ്യർഥിച്ചു. ഇതോടെ പരീക്ഷാഹാളില്‍ പ്രവേശിച്ച യുവതിക്ക് പുറത്തിറങ്ങാൻ ബുദ്ധിമുട്ടാണെന്നു മനസിലാക്കിയ പാർവതി കുഞ്ഞിന് മുലപ്പാല്‍ നല്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു.വിവരം അറിഞ്ഞ റെയില്‍വേ റിക്രൂട്ട്മെൻ്റ് ബോർഡ് ചെയർമാൻ അമൻദീപ് കപൂർ തിരുവനന്തപുരത്തെ ഓഫീസില്‍ നിന്നും നഗരൂരിലെ പരീക്ഷാ സെൻ്ററിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന പാർവതിയെ കണ്ട് അഭിനന്ദനം അറിയിച്ച് പ്രത്യേക സമ്മാനവും നല്കി. കൊല്ലം പള്ളിമണ്‍ ഇളവൂർ സ്വദേശിയാണ് പാർവതി.തൻ്റെ ഒന്നര വയസുകാരിയായ മകളുടെ മുഖമാണ് ആ സമയത്ത് മനസ്സില്‍ തെളിഞ്ഞതെന്ന് പാർവതി പറഞ്ഞു
