സംസ്ഥാന പൊലീസ് മേധാവിയെ ഇന്ന് തിരഞ്ഞെടുക്കും
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയെ ഇന്ന് തിരഞ്ഞെടുക്കും. രാവിലെ ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയാണ് പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നത്. യുപിഎസ് സി കൈമാറിയ മൂന്നംഗ പട്ടികയിൽ നിന്നാണ് നിയമനം. പട്ടികയിലെ രണ്ടാമനായ കേന്ദ്ര കാബിനറ്റ് സെക്രട്ടറി റവാഡ ചന്ദ്രശേഖറിനാണ് കൂടുതൽ സാധ്യത. നിധിൻ അഗർവാൾ, യോഗേഷ് ഗുപ്ത എന്നിവരും പട്ടികയിൽ ഉണ്ട്. നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്ന് വിരമിക്കും. വൈകിട്ട് മൂന്ന് മണിക്കാവും പുതിയ പൊലീസ് മേധാവി ചുമതല ഏറ്റെടുക്കുക.
1991 ഐപിഎസ് ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖർ. ദീർഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിൽ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് റവാഡ ചന്ദ്രശേഖർ. ഒരുവർഷം കൂടി സർവീസ് കാലാവധിയുള്ള റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവി ആകാനുള്ള താൽപര്യം മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിരുന്നു.
