“രാഷ്ട്രീയ സമരങ്ങളെ രാഷ്ട്രീയമായി നേരിടണം”
തിരുവനന്തപുരം: വികസനം അട്ടിമറിക്കാനാണ് പ്രതിപക്ഷത്തിൻറെ പ്രതിഷേധങ്ങൾ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം തടസ്സപ്പെടുത്താനുള്ള രാഷ്ട്രീയ സമരങ്ങളുടെ മുന്നിൽ നിശബ്ദരാകരുതെന്നും ഇത്തരം രാഷ്ട്രീയ സമരങ്ങളെ രാഷ്ട്രീയമായി നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇ.എം.എസ് അക്കാദമിയിൽ നടന്ന നവകേരളം സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. “പ്രതിപക്ഷത്തിൻറെ ലക്ഷ്യം എന്താണെന്ന് തുറന്നുകാട്ടണം. കേരളത്തിൻറെ വികസനം തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനങ്ങളുടെ ജീവിതം ആധുനികവത്കരിക്കുകയാണ് സർക്കാരിൻറെ ലക്ഷ്യം.
ജനങ്ങളെ ഭിന്നിപ്പിക്കാൻ പല ശ്രമങ്ങളും നടക്കുന്നുണ്ട്. അതിനെതിരെ ജനങ്ങളെ അണിനിരത്താനും പ്രതിരോധിക്കാനും നമുക്ക് കഴിയണം. അതേസമയം മതനിരപേക്ഷ കേരളവുമായി മുന്നോട്ട് പോകുമെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഒരു ശ്രമവും അനുവദിക്കില്ലെന്നും” മുഖ്യമന്ത്രി പറഞ്ഞു.