പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം മൂന്നിന്
കണ്ണൂർ | ജില്ലയിൽ പൾസ് പോളിയോ ഇമ്യുണൈസേഷൻ പരിപാടി മൂന്നിന് നടക്കും. 2143 ബൂത്തുകളിലായി 174030 കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകും. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് പോളിയോ തുള്ളി മരുന്ന് നൽകുന്നത്.
അങ്കണവാടികൾ, സ്കൂളുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, വായനശാലകൾ, വിമാനത്താവളങ്ങൾ, അതിഥി തൊഴിലാളി ക്യാമ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകളിലും മൊബൈൽ ബൂത്തുകൾ വഴിയും തുള്ളിമരുന്ന് ലഭ്യമാക്കും.
രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയാണ് ബൂത്തുകൾ പ്രവർത്തിക്കുക. സോഷ്യൽ മീഡിയ വഴി പോളിയോ തുള്ളി മരുന്നിനെ കുറിച്ച് വ്യാജസന്ദേശം നൽകുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ വികസന കമ്മിഷണർ അറിയിച്ചു.