അശ്ലീല സിനിമയിൽ അഭിനയിപ്പിച്ച കേസ്: സംവിധായകയുടെയും സഹായിയുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി കരാർ ഒപ്പിട്ട ശേഷം അശ്ലീല ചിത്രത്തിൽ അഭിനയിക്കാൻ നിർബന്ധിച്ചെന്ന കേസിൽ സംവിധായകയുടെയും സഹായിയുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി കെ വിഷ്ണുവാണ് ജാമ്യാപേക്ഷ തള്ളിയത്.

ഒ.ടി.ടി പ്ലാറ്റ്ഫോമിൽ നടക്കുന്ന ഇത്തരം പ്രവൃത്തികളെക്കുറിച്ച് ശരിയായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. യുവതിയിൽ നിന്ന് പ്രതികൾ ഒപ്പിട്ട് വാങ്ങിയ കരാർ ഫോം വീണ്ടെടുക്കാൻ ഉൾപ്പെടെ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്‍റെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. നഗ്നചിത്രങ്ങൾ നീക്കം ചെയ്യണമെന്ന് യുവതി ആവശ്യപ്പെട്ടിട്ടും പ്രതികള്‍ വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയും ഒപ്പം മറ്റൊരു സിനിമയിൽ അഭിനയിച്ച യുവാവും കോടതിയെ സമീപിച്ചത്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹൂദ്ദീന്‍, വിനു മുരളി എന്നിവര്‍ കോടതിയില്‍ ഹാജരായി.