രാജ്യത്ത് ദരിദ്രരുടെ എണ്ണം കുറഞ്ഞു; 5 വർഷത്തിനിടെ 13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിൽ നിന്നും കരകയറി, ഏറ്റവും കുറവ് കേരളത്തില്‍
ന്യൂഡൽഹി: രാജ്യത്ത് അഞ്ച് വർഷത്തിനിടെ ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ തോത് കുറഞ്ഞതായി നീതി ആയോഗ് റിപ്പോർട്ട്. 2015-16 മുതൽ 2018-21 കണക്കെടുത്താൽ 13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ദാരിദ്രരുടെ എണ്ണം 24.85% നിന്ന് 14.96 ശതമാനമായി കുറഞ്ഞു. രാജ്യത്ത് ഏറ്റവും കുറവു ദാരിദ്ര്യമുള്ള സംസ്ഥാനം കേരളമാണ്.
ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ മേഖലകളിലെ 12 സൂചകത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. ഗ്രാമീണ മേഖലയിൽ 32.59 ശതമാനം മുതൽ 19.28 ശതമാനം വരെ കുറഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 36 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 707 ജില്ലകളിലുമുളള ബഹുവിധ ദാരിദ്ര്യ കണക്കുകള്‍ പുറത്തുവിട്ടപ്പോള്‍ ബഹുവിധ ദരിദ്രരുടെ അനുപാതത്തില്‍ ഏറ്റവും വേഗത്തിലുള്ള കുറവ് സംഭവിച്ചത് ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ്. കേരളം, തമിഴ്‌നാട്, ഡൽഹി, ഗോവ എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബിഹാർ-33.76 ശതമാനം, ജാർഖണ്ഡ്-28.81, മേഘാലയ-27.79, ഉത്തർപ്രദേശ്-22.93, മധ്യപ്രദേശ്-20.63 എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ മുന്നിലുള്ളത്. കേരളത്തിൽ 0.70 ശതമാനത്തിൽ നിന്നും 0.55 ശതമാനമായി താഴ്‌ന്നു. നഗരപ്രദേശത്ത് 8.65 മുതൽ 5.27 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2030-ഓടെ രാജ്യം സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള പാതയിലാണെന്ന് നീതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്മണ്യം പറഞ്ഞു