താനൂർ ബോട്ട് അപകടം: രാഷ്ട്രപതി അനുശോചിച്ചു
ന്യൂഡൽഹി | താനൂർ ബോട്ട് അപകടത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചിച്ചു. ‘മലപ്പുറത്ത് ബോട്ട് അപകടത്തിൽ ജീവനുകൾ നഷ്ടപ്പെട്ടത് ഞെട്ടിക്കുന്നതും ദുഃഖകരവുമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഹൃദംഗമമായ അനുശോചനം അറിയിക്കുന്നു. അതിജീവിച്ചവരുടെ ക്ഷേമത്തിനായി പ്രാർഥിക്കുന്നു’ രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് പൂരപ്പുഴയിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞത്. 22 പേർ മരിച്ചതായാണ് ഏറ്റവും അവസാനം പുറത്തുവരുന്ന വിവരം. മരണപ്പെട്ടവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകൾ കയറിയതാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.
സർക്കാർ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്ന് താനൂർ സന്ദർശിക്കും.