Latestകേരളം

നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും

നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും. വൈകിട്ട്‌ 6.20ന്‌ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു സ്വീകരിക്കും.ശബരിമല ദർശനം ഉള്‍പെടെ, ഒക്ടോബർ 24 വരെ നീളുന്ന നാലു ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തുന്നത്. നാളെ രാവിലെ 9.35ന് തിരുവനന്തപുരത്തു നിന്ന് വ്യോമസേനാ ഹെലികോപ്റ്ററിലാകും രാഷ്ട്രപതി നിലയ്ക്കലിലേക്ക് തിരിക്കുക. ഉച്ചയോടെയായിരിക്കും ശബരിമല ദർശനം.

രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച്‌ ശബരിമലയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് ഇന്നും നാളെയും നിയന്ത്രണം ഉണ്ട്. ഇന്ന് 12,500 പേർക്കു മാത്രമാണു ദർശനത്തിനുള്ള വെർച്വല്‍ ക്യൂ അനുവദിച്ചിട്ടുള്ളത്. സന്നിധാനത്തും പമ്ബയിലും ഉള്ളവരെ ഒഴിപ്പിക്കും. സന്നിധാനത്ത് ഉള്ളവരോട് ഉച്ചയ്ക്കു ശേഷം മലയിറങ്ങാൻ പൊലീസ് നിർദേശം നല്‍കിയിട്ടുണ്ട്. നാളെ ആർക്കും വെർച്വല്‍ ക്യു അനുവദിച്ചിട്ടില്ല.

രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലും കർശന സുരക്ഷയും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 വരെ ശംഖുംമുഖം- ആള്‍സെയിന്റ്സ്-ചാക്ക -പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറല്‍ ആശുപത്രി- ആശാൻ സ്ക്വയർ വേള്‍ഡ്‍വാർ-മ്യൂസിയം – വെള്ളയമ്ബലം – കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് പാടില്ല.

22 ന് രാവിലെ 6 മുതല്‍ വെെകിട്ട് 6 വരെ ശംഖുംമുഖം- ആള്‍സെയിന്റ്സ്-ചാക്ക -പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറല്‍ ആശുപത്രി- ആശാൻ സ്ക്വയർ- അയ്യങ്കാളി ഹാള്‍ -വെള്ളയമ്ബലം – കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് പാടില്ല.വെെകിട്ട് 4 മുതല്‍ രാത്രി 10 വരെ കവടിയാർ – വെള്ളയമ്ബലം – ആല്‍ത്തറ – ശ്രീമൂലം ക്ലബ് – വഴുതക്കാട്- വിമൻസ് കോളേജ് ജംഗ്ഷൻ – മേട്ടുക്കട വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാർക്കിംഗ് പാടില്ല.

23ന് രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ കവടിയാർ-വെള്ളയമ്ബലം-മ്യൂസിയം-പാളയം-വി.ജെ.റ്റി- ആശാൻ സ്ക്വയർ-ജനറല്‍ ആശുപത്രി-പാറ്റൂർ -പള്ളിമുക്ക്-പേട്ട -ചാക്ക -ആള്‍സെയിന്റ്സ്-ശംഖുംമുഖം-റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാർക്കിംഗ് പാടില്ല.