പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കേരളത്തിലെത്തും
.തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കേരളത്തിലെത്തും.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്പ്പറേഷന് ഭരണം പിടിച്ചെടുത്ത ബിജെപിയുടെ ചരിത്ര വിജയത്തിന് പിന്നാലെ, നല്കിയ വാക്ക് പാലിക്കാനാണ് പ്രധാനമന്ത്രിയുടെ ഈ വരവ്.തിരുവനന്തപുരം കോര്പ്പറേഷന് ഭരണം ബിജെപിക്ക് ലഭിച്ചാല്‍ 45 ദിവസത്തിനകം താന്‍ തലസ്ഥാനത്തെത്തുമെന്നായിരുന്നു നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. ഭരണം പിടിച്ചെടുത്തതോടെ വാക്ക് പാലിച്ച് എത്തുന്ന പ്രധാനമന്ത്രി, നഗര വികസനത്തിനായുള്ള വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന സമഗ്ര വികസന രേഖ പ്രധാനമന്ത്രി പുറത്തിറക്കും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള വികസന കോറിഡോര്‍ പദ്ധതി. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ അടുത്ത ഘട്ടം, ആധുനിക മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ തുടങ്ങിയവ ഇതിലുള്‍പ്പെടും.
കേരളത്തില്‍ നിന്നുള്ള അമൃത് ഭാരത് ട്രെയിൻ സർവീസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
പുത്തരിക്കണ്ടം മൈതാനത്ത് നടത്തുന്ന പരിപാടിയില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയികളെ മോദി അഭിസംബോധന ചെയ്യും. റോഡ് ഷോയോടെ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി നേതൃത്വം.
