എല്ലാ വകുപ്പുകളും ഒഴിവുകള്‍ മുന്‍കൂട്ടി പി.എസ്.സിയെ അറിയിക്കണമെന്ന സര്‍ക്കുലറുമായി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പ്

എല്ലാ വകുപ്പുകളും ഒഴിവുകള്‍ മുന്‍കൂട്ടി പി.എസ്.സിയെ അറിയിക്കണമെന്ന സര്‍ക്കുലറുമായി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പ്. 2025 ല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകള്‍ ഈ മാസം 25നകം റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. ഒഴിവുകള്‍ ഇല്ലെങ്കില്‍ അക്കാര്യവും അറിയിക്കണമെന്നും ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ റദ്ദ് ചെയ്യാനോ കുറയ്ക്കാനോ പാടില്ലെന്നും നിര്‍ദേശമുണ്ട്.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഉത്തരവാണ് പുറത്ത് വന്നത്. 2025 ജനുവരി മുതല്‍ ഡിസംബര്‍ വരെ ഓരോ വകുപ്പിലും ഉണ്ടാകാനിടയുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശം.

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് സര്‍ക്കാര്‍ വകുപ്പുകളില്‍ സൂക്ഷിക്കാറുണ്ടെങ്കിലും ഇത് പലപ്പോഴും തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് വേണ്ടിയോ മറ്റ് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ വേണ്ടിയോ ഒക്കെ ഉപയോഗിക്കപ്പെടാറുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ 2025ല്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് എടുത്തിരിക്കുന്നത്. ഒഴിവുകള്‍ വരുന്നതിനനുസരിച്ച് പിഎസ്‌സി ലിസ്റ്റ് തയാറാക്കി നിയമനങ്ങള്‍ നടത്താനാണ് നീക്കം.