വ്യാജ പി.എസ്.സി നിയമന ഉത്തരവുമായി സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ച യുവതി പിടിയിൽ

കൊല്ലത്ത് വ്യാജ പി.എസ്.സി നിയമന ഉത്തരവുമായി സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ച യുവതി പിടിയിൽ. കൊല്ലം വാളത്തുങ്കൽ സ്വദേശിനി രാഖിയാണ് പിടിയിലായത്. പി.എസ്.സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടെന്ന രേഖകൾ വ്യാജമായി നിർമിച്ചതാണെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു

പി.എസ്.സി ഉദ്യോഗസ്ഥരെ വട്ടം ചുറ്റിച്ച ഒറിജിനലിനെ വെല്ലുന്ന വ്യാജരേഖകളുമായിയാണ് കൊല്ലം വാളത്തുങ്കൽ സ്വദേശി രാഖി സർക്കാർ ജോലിക്കായി എത്തിയത്. പിന്നീട് നടന്നത് സിനിമ കഥയെ വെല്ലുന്ന സീനുകൾ. റവന്യൂ വകുപ്പിൽ എൽ.ഡി ക്ലാർക്കായി നിയമനം ലഭിച്ചെന്ന ഉത്തരവുമായി രാഖി ആദ്യം എത്തിയത് കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ. റവന്യൂവകുപ്പിൽ ജോലി നേടുന്നവരുടെ നിയമന ഉത്തരവിൽ ഒപ്പിടുന്നത് ജില്ലാ കളക്ടറാണ്. എന്നാൽ റവന്യൂ ഓഫീസർ എന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥൻറെ ഒപ്പായിരുന്നു രാഖിയുടെ ഉത്തരവിലുണ്ടായിരുന്നത്. ​ഉത്തരവിൽ സംശയം തോന്നിയ കരുനാഗപ്പള്ളി തഹസീൽദാർ ജില്ലാ പി.എസ്.സി ഓഫീസിനെ സമീപിക്കാൻ നിർദേശിച്ചു. യുവതി കൊല്ലം ജില്ലാ പി.എസ്.സി ഓഫീസിൽ എത്തിയതോടെയാണ് കുടുങ്ങിയത്.