Latestകേരളം

തദ്ദേശ തിരഞ്ഞെടുപ്പ് : ഡിസംബര്‍ 8 മുതല്‍ 12 വരെയുള്ള PSC പരീക്ഷകള്‍ മാറ്റിവച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍, പിഎസ്‌സി ഡിസംബർ മാസത്തിലെ പരീക്ഷകള്‍ മാറ്റിവച്ചു.2025 ഡിസംബർ 8 മുതല്‍ 12 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും 2026 ഫെബ്രുവരി മാസത്തേക്ക് മാറ്റി വച്ചതായി പിഎസ്‌സി അറിയിച്ചു.(Local body elections, PSC exams from December 8 to 12 postponed)

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിലും വോട്ടെണ്ണല്‍ ഡിസംബർ 13-നും നടക്കുന്ന സാഹചര്യത്തിലാണിത്. പുതുക്കിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കുന്നതാണ്.

നവംബർ 12, 13, 14 തീയതികളില്‍ നിശ്ചയിച്ചിരുന്ന ചില തസ്തികകളിലേക്കുള്ള അഭിമുഖ പരിപാടികളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സർവ്വകലാശാലകളില്‍ അസിസ്റ്റന്‍റ് എഞ്ചിനീയർ (ഇലക്‌ട്രിക്കല്‍) (കാറ്റഗറി നമ്ബർ 070/2024) തസ്തികയിലേക്ക് നവംബർ 12, 13, 14 തീയതികളില്‍ നിശ്ചയിച്ചിരുന്ന അഭിമുഖം, നവംബർ 12 തീയതിയില്‍ മാത്രമായി പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച്‌ നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് പ്രൊഫൈല്‍ സന്ദേശവും എസ്‌എംഎസും നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 8 വിഭാഗവുമായി (0471 2546440) ബന്ധപ്പെടണം.

പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പില്‍ ലക്ചറർ ഇൻ ഡിസ്ട്രിക്‌ട് റിസോഴ്സ് സെന്റർ (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്ബർ 372/2022, 373/2022) തസ്തികയിലേക്കുള്ള അഭിമുഖം നവംബർ 12, 13, 14 തീയതികളില്‍ പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച്‌ നടത്തും. ഈ ഉദ്യോഗാർത്ഥികള്‍ക്കും പ്രൊഫൈല്‍ സന്ദേശവും എസ്‌എംഎസും നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 8 വിഭാഗവുമായി (0471 2546440) ബന്ധപ്പെടേണ്ടതാണ്.

കൂടാതെ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ക്ലിനിക്കല്‍ ഓഡിയോമെട്രീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്ബർ 035/2024) തസ്തികയിലേക്ക് നവംബർ 13-ന് രാവിലെ 09.30 നും ഉച്ചയ്ക്ക് 12.00 നും പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച്‌ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികള്‍ ജി.ആർ. 1 എ വിഭാഗവുമായി (0471 2546448) ബന്ധപ്പെടേണ്ടതാണ്.