വർഷത്തിൽ മൂന്ന് പി.ടി.എ പൊതുയോഗം നിർബന്ധം

സംസ്ഥാനത്തെ എല്ലാ സ്‌കൂളിലും അധ്യയന വർഷത്തിൽ മൂന്ന് തവണ പിടിഎ പൊതുയോഗം ചേരണമെന്ന നിബന്ധന കർശനമാക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. മിക്ക സ്‌കൂളുകളിലും ഓരോ അധ്യയന വർഷത്തിലും പുതിയ പിടിഎ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ മാത്രമാണ് പൊതുയോഗം ചേരുന്നതെന്ന പരാതി ലഭിച്ചതിനെ തുടർന്നാണിത്.

ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനം പൂർത്തിയായി ഒരു മാസത്തിന് ഉള്ളിലും മറ്റെല്ലാ സ്‌കൂളുകളിലും 31-നകവും ആദ്യ പൊതുയോഗം നടത്തണം. രണ്ടാമത്തെ പൊതുയോഗം അർധ വാർഷിക പരീക്ഷയ്ക്ക് മുൻപും മൂന്നാമത്തേത് ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ പൊതു പരീക്ഷകൾ ആരംഭിക്കുന്നതിന്റെ ഒരു മാസം മുൻപും മറ്റ്‌ സ്‌കൂളുകളിൽ ഫെബ്രുവരി അവസാന വാരവും നടത്തണം.

വിദ്യാർഥിയുടെ രക്ഷകർത്താവ് എന്ന നിലയിൽ അതത് സ്‌കൂളിൽ പഠിക്കുന്ന കുട്ടിയുടെ അമ്മക്കോ അച്ഛനോ മാത്രമേ പിടിഎ കമ്മിറ്റി അംഗമാകാൻ അർഹത ഉള്ളൂവെന്നും പിടിഎ പ്രസിഡണ്ടിന്റെ തുടർച്ചയായ കാലാവധി മൂന്ന് വർഷമായി പരിമിതപ്പെടുത്തിയത് കർശനമായി പാലിക്കണമെന്നും ഡയറക്ടർ നിർദേശിച്ചു.