പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ്. സ്ഥാനാർഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചു.

ന്യൂഡൽഹി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ്. സ്ഥാനാർഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. എ.ഐ.സി.സി. ആസ്ഥാനത്ത് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി ചർച്ച നടത്തിയ ശേഷമാണ് പ്രഖ്യാപനം.

പ്രചാരണത്തിന് വലിയ ടീമിനെ അടുത്ത ദിവസം കെ.പി.സി.സി. പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ബുധനാഴ്ച മുതൽ ചാണ്ടി ഉമ്മൻ പ്രചാരണരംഗത്ത് ഉണ്ടാവും. കേരളത്തിൽ വെറുപ്പിന്റെ രാഷ്ട്രീയത്തെ ഇല്ലാതാക്കി സ്നേഹത്തിന്റെ നീരുറവ ഉണ്ടാക്കിയെടുക്കാനുള്ള രാഷ്ട്രീയ പോരാട്ടത്തിന്റെ തുടക്കമായിരിക്കും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്. രാഹുൽഗാന്ധി ഇന്ത്യൻ ജനകോടികൾക്ക് പകർന്നുകൊടുത്ത സ്നേഹവായ്പിന്റെ വികാരം തിരഞ്ഞെടുപ്പ് രംഗത്ത് ഉപയോഗപ്പെടുത്താൻ കേരളത്തിലെ കോൺഗ്രസ് പാർട്ടി തയ്യാറാവും. ജനപിന്തുണയുണ്ടാവും. ഉമ്മൻചാണ്ടിയുടെ വിതുമ്പുന്ന ഓർമ്മകൾ കേരളത്തിലെ രാഷ്ട്രീയ രംഗത്തും തിരഞ്ഞെടുപ്പ് രംഗത്തും സക്രിയമായി സമൂഹമധ്യത്തിൽ ഉണ്ടാവും