ഖത്തറില്‍ സ്‌കൂള്‍ ബസില്‍ മലയാളി ബാലിക മരിച്ച സംഭവത്തിൽ നഴ്‌സറി സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവ്

ദോഹ: നാല് വയസുകാരി മലയാളി പെൺകുട്ടി സ്കൂൾ ബസിൽ മരിച്ച സംഭവത്തിൽ ഖത്തറിലെ സ്വകാര്യ നഴ്സറി സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ഖത്തർ വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്. സംഭവത്തിൽ സ്കൂൾ ജീവനക്കാരുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അൽ വക്ര സ്പ്രിംഗ്ഫീൽഡ് കിന്‍റർഗാർട്ടനിലെ കെ.ജി.1 വിദ്യാർത്ഥിനിയായ മിൻസ മറിയം ജേക്കബ് സ്കൂൾ ബസിൽ ഉറങ്ങിക്കിടന്നത് അറിയാതെ ബസ് ലോക്ക് ചെയ്ത് ജീവനക്കാർ പോയതാണ് മരണത്തിന് ഇടയാക്കിയത്.

മിൻസയുടെ നാലാം ജന്മദിനമായ സെപ്റ്റംബർ 11നായിരുന്നു സംഭവം. ബസിൽ ഇരുന്ന് ഉറങ്ങിപ്പോയ മിൻസയെ ശ്രദ്ധിക്കാതെ എല്ലാ കുട്ടികളും ഇറങ്ങിയെന്ന് കരുതി ജീവനക്കാർ ബസ് പൂട്ടുകയായിരുന്നു. പിന്നീട് ജീവനക്കാർ മടങ്ങിയെത്തിയപ്പോഴാണ് കുട്ടി അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസിനുള്ളിലെ കടുത്ത ചൂടും വായു സഞ്ചാരമില്ലായ്മയുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കുട്ടിയുടെ മൃതദേഹം ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കും. രണ്ട് ദിവസത്തെ പരിശോധനകൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെയും സൗമ്യ ചാക്കോയുടെയും ഇളയ മകളാണ് മിൻസ.