രാഹുൽ ഗാന്ധി വീണ്ടും എം പി

രാഹുൽ ഗാന്ധി വീണ്ടും പാർലമെന്റിലേക്ക്. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു. ഇന്നാണ് ലോക്‌സഭ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. രാഹുൽ ഗാന്ധി ഇന്ന് തന്നെ സഭയിലെത്തുമെന്നാണ് റിപ്പോർട്ട്. 134 ദിവസത്തിന് ശേഷമാണ് സഭയിലേക്കുള്ള തിരിച്ചുവരവ്. രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവ് നീതിയുടെ വിജയമാണെന്ന് ശശി തരൂർ പ്രതികരിച്ചു.

ഓഗസ്റ്റ് നാലിലെ സുപ്രീംകോടതി ഉത്തരവ് അനുകൂലമായതോടെ സാങ്കേതികമായി രാഹുൽ ഗാന്ധി അയോഗ്യത ഒഴിവായെങ്കിലും ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം പുറത്തിറങ്ങിയാൽ മാത്രമേ രാഹുൽ ഗാന്ധിക്ക് സഭാ നടപടികളിൽ പങ്കെടുക്കാൻ കഴിയുമായിരുന്നുള്ളൂ. നാളെ നടക്കുന്ന സർക്കാരിന് എതിരായ അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുലിന്റെ സാന്നിധ്യം ഉറപ്പാക്കാനായിരുന്നു കോൺഗ്രസിന്റെ തിരക്കിട്ട നീക്കം. രണ്ട് ദിവസം മണിപ്പൂർ സന്ദർശിച്ച് സ്ഥിതിഗതികൾ മനസിലാക്കിയ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ചർച്ചകളിൽ വേണമെന്നാണ് ഇന്ത്യ മുന്നണി നേതാക്കളുടെയും നിലപാട്.