Latestകേരളം

രാഹുലിന് നിര്‍ണായകം; ജാമ്യാപേക്ഷയില്‍ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും

പത്തനംതിട്ട: ബലാത്സംഗ കേസില്‍ റിമാൻഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും.മൂന്നാം ബലാത്സംഗ കേസില്‍ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് സെഷൻസ് കോടതിയെ സമീപിച്ചത്.

ബന്ധം ഉഭയസമ്മതപ്രകാരമാണെന്ന് തെളിയിക്കാൻ പ്രതിഭാഗം ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ശാസ്ത്രീയ പരിശോധന വേണമെന്ന നിലപാടിലാണ് പ്രോസിക്യൂഷൻ. കേസില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദം പൂർത്തിയായിരുന്നു.

എന്നാല്‍ കേസ് ഡയറിയിലെ വിവരങ്ങള്‍ കൂടുതല്‍ പരിശോധിക്കാനുണ്ടെന്ന് നിരീക്ഷിച്ച കോടതി വിധി പറയുന്നത് മാറ്റുകയായിരുന്നു. പരാതിക്കാരിയുടേത് എന്ന നിലയില്‍ പ്രതിഭാഗം ഹാജരാക്കിയ ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരി പ്രതിയുടെ മൊബൈലിലേക്ക് മുമ്പ് അയച്ച വാട്‌സ്‌ആപ്പ് സന്ദേശമാണ് രാഹുലിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ഹാജരാക്കിയത്.