അരി വില കിലോയ്ക്ക് രണ്ട് രൂപ കുറഞ്ഞേക്കും

ന്യൂഡൽഹി: അരിയുടെ വിലക്കയറ്റം തടയാൻ ഒരുപുഴുക്കൻ ഇനങ്ങളുടെ കയറ്റുമതിക്ക് 20 ശതമാനം തീരുവ ചുമത്തി കേന്ദ്രം. ഇതിലൂടെ അരി വില കിലോയ്ക്ക് രണ്ട് രൂപ കുറഞ്ഞേക്കും. ഇതോടെ രാജ്യത്ത് അരിയുടെ സ്റ്റോക്ക് ഉറപ്പാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഒക്ടോബർ 16വരെയാണ് ഈ തീരുവ ചുമത്തിയിരിക്കുന്നത്. നിലവിൽ തുറമുഖങ്ങളിലെത്തിച്ച അരിക്ക് തീരുവ ചുമത്തില്ല. നെല്ലുൽപാദനം ഗണ്യമായി കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. 2023 ഏപ്രിൽ മുതൽ ഒരുപുഴുക്കൻ അരിയുടെ വില 19% മാണ് കൂട്ടിയത്.

അന്താരാഷ്ട്ര വിപണിയിൽ അരിയുടെ വില വർദ്ധന 26 ശതമാനമാണ്. അന്താരാഷ്ട്ര വിപണിയിലെ പുഴുക്കലരിയിൽ 30 ശതമാനം ഇന്ത്യയിൽ നിന്നുള്ളതാണ്. അതുകൊണ്ടുതന്നെ തീരുവ കൂടുന്നതോടെ അന്താരാഷ്ട്ര വിപണിയിലെ അരിയുടെ വില ഇനിയും കൂടാനാണ് സാധ്യത. കയറ്റുമതി തീരുവ കൂട്ടിയത് നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾക്ക് തിരിച്ചടിയാകും. ഇന്ത്യയിൽ നിന്നുള്ള അരിയെയാണ് ഈ രാജ്യങ്ങൾ ആശ്രയിക്കുന്നത്. നേരത്തെ പച്ചരി, പൊടിയരി എന്നിവയുടെ കയറ്റുമതി കേന്ദ്രം പൂർണ്ണമായും നിരോധിച്ചിരുന്നു. വിലക്കയറ്റം തടയാനാണ് കയറ്റുമതി തടഞ്ഞത്. എന്നാൽ ഇത് ആഫ്രിക്കൻ രാജ്യങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.