ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് നിയമനത്തിന് റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് / എസ് എസ് എൽ സിയും ഫിറ്റർ, ഇലക്‌ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മിൽറൈറ്റ്/മെയിന്റനൻസ് മെക്കാനിക്, മെക്കാനിക് (റേഡിയോ/ ടിവി), ഇലക്‌ട്രോണിക് മെക്കാനിക്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), വയർമാൻ, ട്രാക്ടർ മെക്കാനിക്, അർമേച്ചർ ആൻഡ് കോയിൽ വൈൻഡർ, മെക്കാനിക് (ഡീസൽ), ഹീറ്റ് എൻജിൻ, ടർണർ, മെഷീനിസ്റ്റ്, റഫ്രിജറേഷൻ ആൻഡ് എസി എന്നീ ട്രേഡുകളിൽ ഒന്നിൽ ഐടിഐയും (എൻ സി വി ടി/ എസ് സി വിടി) അല്ലെങ്കിൽ, പത്താം ക്ലാസ് /എസ് എസ് എൽ സിയും മേൽപ്പറഞ്ഞ ട്രേഡുകളിലൊന്നിൽ ആക്ട് അപ്രന്റിസ്ഷിപ്പും.
അല്ലെങ്കിൽ, പത്താം ക്ലാസ് /എസ് എസ് എൽ സിയും മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്, ഓട്ടോമൊബൈൽ എൻജിനീയറിങ് എന്നീ വിഷയങ്ങളിലോ ഇവയുടെ കോമ്പിനേഷനുകളിലോ ത്രിവത്സര ഡിപ്ലോമയും ഉണ്ടായിരിക്കണം (ഡിപ്ലോമക്ക് പകരം ഇതേ വിഷയങ്ങളിലെ എൻജിനീയറിങ് ബിരുദവും പരിഗണിക്കും).

പ്രായം 18-30 വയസ്. എസ് സി, എസ് ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒബിസി (എൻ സി എൽ) വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. വിധവകൾക്കും പുനർ വിവാഹിതരാവാത്ത വിവാഹ മോചിതകൾക്കും അഞ്ച് വർഷത്തെ ഇളവ് ലഭിക്കും (വിശദ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക).

രണ്ട് ഘട്ടങ്ങളിലായുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കംപ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന, മെഡിക്കൽ എക്സാമിനേഷൻ എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. എസ് സി, എസ് ടി, ഒ ബി സി (എൻ സി എൽ), ഇ ഡബ്ല്യു എസ് വിഭാഗക്കാർക്കും വിമുക്ത ഭടന്മാർക്കും നിയമാനുസൃത സംവരണം ഉണ്ടായിരിക്കും.

ഒന്നാം ഘട്ടത്തിലെ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി ബി ടി-1) സ്‌ക്രീനിങ് ടെസ്റ്റായാണ് നടത്തുക. പരീക്ഷക്ക് ഒരു മണിക്കൂർ ആയിരിക്കും സമയം. 75 ചോദ്യങ്ങളാണ് ഉണ്ടാവുക. ശരിയുത്തരത്തിന് ഒരു മാർക്ക് (ആകെ 75 മാർക്ക്). തെറ്റ് ഉത്തരത്തിന് മൂന്നിലൊന്ന് നെഗറ്റീവ് മാർക്കുണ്ടായിരിക്കും.

അപേക്ഷാ ഫീസ് വനിതകൾക്കും ട്രാൻസ് ജെൻഡേഴ്‌സിനും എസ് സി, എസ് ടി വിഭാഗക്കാർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും മത ന്യൂനപക്ഷങ്ങൾക്കും 250 രൂപയും മറ്റുള്ളവർക്ക് 500 രൂപയുമാണ് ഫീസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 19.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും ആർ ആർ ബികളുടെ വെബ്‌സൈറ്റ് സന്ദർശിക്കണം. തിരുവനന്തപുരം ആർ ആർ ബിയുടെ വെബ്‌സൈറ്റ്: rrbthiruvananthapuram.gov.in