ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി റെയിൽവേ

ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി നീങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ പിഴ ചുമത്താനും നടപടികൾ സ്വീകരിക്കാനും റെയിൽവേ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തിൽ മാത്രം ഈസ്റ്റേൺ റെയിൽവേ ഇത്തരത്തിൽ പിഴയായി ഈടാക്കിയിട്ടുള്ളത് ഏഴരക്കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകൾ.

ദിവസേന 25 ലക്ഷം രൂപയോളം ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരിൽ നിന്നും പിഴയായി ഈടാക്കുന്നുണ്ട് എന്ന് വിവിധ റിപ്പോര്‍ട്ടുകൾ പറയുന്നു. ട്രെയിൻ യാത്രക്കാർ കൃത്യമായ ടിക്കറ്റ് ഇല്ലാതെ എസി സ്ലീപ്പർ കോച്ചുകളിൽ അടക്കം കയറിപ്പറ്റി യാത്ര നടത്തുന്നതിനെക്കുറിച്ച് വ്യാപകമായി പരാതി ഉയർന്നതോടെയാണ് റെയിൽവേ കർശന നടപടികളുമായി രംഗത്തിറങ്ങിയിട്ടുള്ളത്. മെയ് മാസത്തിൽ മാത്രം ഈസ്റ്റേൺ റെയിൽവേയുടെ കർശന പരിശോധനയിൽ 1,80,900 പേർ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിടിയിലായിട്ടുണ്ട്.