സംസ്ഥാനത്ത് ഇന്നും മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ശക്തമായ മഴയും കാറ്റും തുടരുന്നതിനാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.
കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ മലയോരമേഖലയിലും ജാഗ്രത നിർദ്ദേശം നൽകി. കഴിഞ്ഞദിവസം സംസ്ഥാനത്ത് ശക്തമായ മഴ പെയ്തിരുന്നു.
ജാർഖണ്ഡിനും പശ്ചിമ ബംഗാളിനും മുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതിചെയ്യുകയാണ്. ഇതിൻറെ സ്വാധീനത്തിൽ വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് ഇടവിട്ട മഴയ്ക്ക് സാധ്യതയുണ്ട്.