വേനല്‍ മഴ; കേരളത്തില്‍ 12 ജില്ലകള്‍ക്ക് മുന്നറിയിപ്പ്

കടുത്ത വേനലിന് നേരിയ ആശ്വാസമായി കേരളത്തില്‍ വേനല്‍ മഴ എത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മഴ കാത്തിരുന്ന കേരളത്തിന് നാളെ മുതല്‍ വേനല്‍ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ അധികൃതർ പറയുന്നത്.

വ്യാഴാഴ്ച 10 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലുമാണ് കേരളത്തില്‍ മഴ പെയ്യാൻ സാധ്യതയുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നിലവില്‍ സാധ്യത. മറ്റന്നാള്‍ ഈ ജില്ലകള്‍ക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴക്ക് സാധ്യതയുണ്ട്.

വേനല്‍ മഴ നാളെയോടെ എത്തുമെങ്കിലും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് അധികൃതർ നല്‍കുന്ന സൂചന. പെട്ടെന്നുണ്ടാകുന്ന മഴ നിരവധി രോഗങ്ങള്‍ക്ക് കാരണമാകും. അതിനാല്‍തന്നെ ആദ്യത്തെ വേനല്‍മഴ നനയാതിരിക്കണമെന്ന് ആരോഗ്യരംഗത്തുള്ളവർ നല്‍കുന്ന മുന്നറിയിപ്പ്.

ഇതിനിടെ, സംസ്ഥാനത്തെ ചൂട് 40 ഡിഗ്രിയോടടുക്കുന്നു. കഴിഞ്ഞ ശനിയാഴ്ച ഈ സീസണിലെ ഏറ്റവും ഉ‍യർന്ന ചൂട് കൊല്ലം ജില്ലയിലെ പുനലൂരില്‍ രേഖപ്പെടുത്തി -39.6 ഡിഗ്രി സെല്‍ഷ്യസ്. വേനല്‍മഴ കനിഞ്ഞില്ലെങ്കില്‍ ഈ മാസം തന്നെ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.