കേരള തീരം വരെ ന്യൂനമർദ്ദ പാത്തി, ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് അഞ്ച് ജില്ലകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയും കിട്ടിയേക്കും. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേരള, കർണാടക തീരങ്ങളിലും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം നിലവിൽ മധ്യപ്രദേശിന് മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്ര തീരം മുതൽ കേരളാ തീരം വരെയായി ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നുണ്ട്. ആഗോള മഴപ്പാത്തിയുടെ സ്വാധീനവും ഈ ദിവസങ്ങളിൽ കാലവർഷം സജീവമാകാൻ കാരണമാണ്. വരും മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.