ഈ മാസം15 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോട് കൂടിയ മഴ; കാറ്റിനും സാധ്യത

കണ്ണൂർ: സംസ്ഥാനത്ത് ഈ മാസം15 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത. നാളെയോട് കൂടി കാലവർഷം തെക്കൻ ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബം​ഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹം എന്നിവിടങ്ങളിൽ എത്താൻ സാധ്യതയുണ്ട്.

നാലോ, അഞ്ചോ ദിവസത്തിനകം തെക്കൻ അറബിക്കടൽ, മാലദ്വീപ്, തെക്കൻ ബം​ഗാൾ ഉൾക്കടൽ ഭാ​ഗങ്ങൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, മധ്യ ബം​ഗാൾ ഉൾക്കടൽ ഭാഗങ്ങളിൽ വ്യാപിക്കും. 27ാം തീയതിയോടെ കേരളത്തിൽ എത്തിച്ചേരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചനം. ഇന്ന് കണ്ണൂരിൽ 36 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിൽ ഒഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.