മഴ മുന്നറിയിപ്പില്‍ മാറ്റം, കണ്ണൂർ, ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
കാസർഗോഡ് : സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. വടക്കൻ ജില്ലകളില്‍ അതിശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.കോഴിക്കോട്, വയനാട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേർട്ടുമാണ് നല്‍കിയിരിക്കുന്നത്. മധ്യകേരളത്തില്‍ മഴ കുറഞ്ഞ പശ്ചാത്തലത്തില്‍ മറ്റ് ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് ചില നദികളില്‍ ഓറഞ്ച്, മഞ്ഞ അലേർട്ടുകള്‍ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും ജലസേചന വകുപ്പ് നിർദേശം നല്‍കി.
