Latestകേരളം

സംസ്ഥാനത്ത് മഴ ശക്തമാകുന്നു, അഞ്ച് ജില്ലക്കാര്‍ ജാഗ്രത പാലിക്കുക

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.മഴ ശക്തമാകുന്നത് കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകള്‍ക്ക് നാളെ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകള്‍ക്ക് മറ്റെന്നാളും ജാഗ്രതാ നിർദേശമുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അടുത്ത മൂന്ന് മണിക്കൂറില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നുമുതല്‍ സെപ്തംബർ 20വരെ തെക്കു പടിഞ്ഞാറൻ അറബിക്കടല്‍, മധ്യ പടിഞ്ഞാറൻ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്