പുതിയ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രതാനിര്‍ദ്ദേശം
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിന് സമീപം പുതുതായി രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് കാരണം.സംസ്ഥാനത്തുടനീളം മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും തെക്കൻ ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷവും രാത്രിയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മഴ സജീവമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ മഴസാധ്യത പ്രവചിക്കപ്പെടുന്നു. തിരുവനന്തപുരം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടാണ്.
ഒറ്റപ്പെട്ട, ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.
ഈ മാസം 14 വരെ മഴ തുടരുമെന്നതാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. 12 മുതല്‍ 14 വരെ ഒരു ജില്ലയിലും അലർട്ടുകളില്ല. എന്നാല്‍, ഈ ദിവസങ്ങളിലും മഴ പ്രതീക്ഷിക്കാം. നേരിയതോ ഇടത്തരമോ ആയ മഴയാണ് പ്രതീക്ഷിക്കാവുന്നത്.
