Latestകേരളം

ഇടിമിന്നലോട് കൂടിയ മഴ തുടരും; ഇന്ന് ഏഴു ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ചു ദിവസം മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഏഴു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടാണ്. കോട്ടയം, ഇടുക്കി, എറണാകുളം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

നാളെ തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലർട്ട് തുടരും. 26ന് തിരുവനന്തപുരം ജില്ലയില്‍ യെലോ അലർട്ട് ആയിരിക്കും. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴയ്ക്കു സാധ്യതയുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ അധികൃതരുടെ നിർദേശപ്രകാരം മാറി താമസിക്കണം.

കിഴക്കൻ കാറ്റ് വീണ്ടും സജീവമായതോടെ ഇടി മിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും നല്‍കിയിട്ടുണ്ട്. കേരള – ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്