സംസ്ഥാനത്ത് ശക്തമായ മഴ തുടരും, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കേരളത്തില്‍ ഇന്നും മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട എന്നീ ജില്ലകളില്‍ ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.അതേപോലെ, ഉച്ചയ്ക്ക് ശേഷം മഴ കൂടുതല്‍ ശക്തിപ്രാപിച്ചേക്കും.ഇടിമിന്നലിനും സാധ്യതയുണ്ട്.
കേരളാ തീരത്ത് മീൻപിടുത്തത്തിന് വിലക്ക് തുടരുകയാണ്. കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാത ചുഴി അടുത്തമണിക്കൂറുകളില്‍ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിലും ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്.
കേരളത്തില്‍ യെല്ലോ അലർട്ട്
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം നേരിയതോ ഇടത്തരത്തിലോ ഉള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും നവംബർ 24 മുതല്‍ 26 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഈ ദിവസങ്ങളില്‍ ഇടി മിന്നലിനും സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത് (24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ).
നവംബർ 25 (2025): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട.
നവംബർ 26 (2025): തിരുവനന്തപുരം, കൊല്ലം.
മുന്നറിയിപ്പുകള്‍ കണക്കിലെടുത്ത് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.
