സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ;ഓറഞ്ച് – യെല്ലോ അലേർട്ടുകള്‍ പ്രഖ്യാപിച്ചു
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് വിവിധ ജില്ലകളില്‍ നല്‍കിയിരിക്കുന്നത്.ഇതോടെ ഏതാനം ജില്ലകളില്‍ ഓറഞ്ച് – യെല്ലോ അലേർട്ടുകള്‍ പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ജിങ്കളാഴ്ച (27/10/2025) ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും ഒരു ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല.
വരും ദിവസങ്ങളിലെ യെല്ലോ അലേർട്ട് വിവരങ്ങള്‍
26/10/2025: തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
27/10/2025: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട്.
28/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരും മണിക്കൂറില്‍ തിരുവനന്തപുരം, ഇടുക്കി, എറണാകുളം, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. മലയോര ജില്ലകളിലും പ്രദേശങ്ങളിലും മഴ ലഭിക്കുന്നുണ്ട്. ഇടിമിന്നലോട് കൂടിയ മഴയാണ് മിക്കയിടങ്ങളിലും ലഭിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈക്കടവ് സ്റ്റേഷൻ), നെയ്യാർ (അരുവിപ്പുറം സ്റ്റേഷൻ) നദിയില്‍ കേന്ദ്ര ജല കമ്മീഷൻ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. യാതൊരു കാരണവശാലും മേല്‍ പറഞ്ഞ നദിയില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
കേരള തീരത്ത് നാളെവരെയും (26/10/2025) കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ചൊവ്വാഴ്ചവരെയും (28/10/2025) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ചവരെ കർണാടക തീരങ്ങളിലും, അതിനോട് ചേർന്ന സമുദ്രഭാഗങ്ങളിലും, ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
