Latestകേരളം

തൊഴിലാളിയുടെ കുടുംബത്തിന് 500000 രൂപ, രാജ്യത്ത് കേരളത്തില്‍ ആദ്യം; ആശ്രിത ധനസഹായ പദ്ധതിയുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെതൊഴിലാളികള്‍ക്ക് ആശ്രിത ധനസഹായ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ‘രക്ഷാകവചം’ എന്ന പേരില്‍ 25 ലക്ഷം തൊഴിലാളികള്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് സർക്കാർ പറയുന്നു.തൊഴില്‍വകുപ്പിന്റെ വേതന സുരക്ഷാപദ്ധതിയില്‍ അംഗങ്ങളായവർക്കായാണ്‌ ‘രക്ഷാകവചം’ നടപ്പാക്കുന്നത്‌. തൊഴിലാളിക്ക് അപകടമരണം സംഭവിച്ചാല്‍ അഞ്ച്‌ ലക്ഷം രൂപ ആശ്രിതർക്ക് നല്‍കും. പദ്ധതി നാളെ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് ഉദ്ഘാടനംചെയ്യും. തൊഴിലാളി അപകടത്തില്‍ മരിച്ചാല്‍ നിയമപ്രകാരം തൊഴിലുടമ നല്‍കേണ്ട ആനുകൂല്യങ്ങള്‍ക്ക്‌ പുറമെ ആശ്രിതർക്ക്‌ സർക്കാർ അഞ്ച്‌ ലക്ഷം രൂപ ധനസഹായം നല്‍കും.

അപകടം തൊഴിലിടത്തിന്‌ പുറത്തായാലും സഹായം ലഭിക്കും. രാജ്യത്ത്‌ ആദ്യമായാണ്‌ സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക്‌ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഏജന്‍സിയായ ചിയാക് വിഭാവനം ചെയ്‌ത പദ്ധതി തൊഴില്‍വകുപ്പിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. പദ്ധതി വിഹിതമായി 150 രൂപ ഓരോ തൊഴിലാളിയില്‍നിന്നും പിടിയ്ക്കും. 2025-26 ബജറ്റില്‍ പദ്ധതിക്കായി 30 ലക്ഷം രൂപ വകയിരുത്തിയിരുന്നു.