Latestകേരളം

തിരുമ്മുചികിത്സയുടെ മറവില്‍ കിടപ്പുരോഗിയെ ഗര്‍ഭിണിയാക്കിയ 42 കാരന് 10 വര്‍ഷം തടവും പിഴയും

തിരുമ്മുചികിത്സയുടെ മറവില്‍ കിടപ്പുരോഗിയായ യുവതിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ പ്രതിക്ക് കോടതി 10 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു.കോതമംഗലം കവളങ്ങാട് കല്ലിങ്കല്‍ സ്വദേശി ഷിബു ആന്റണിയെയാണ് (42) തൊടുപുഴ അഡിഷണല്‍ സെഷൻസ് ജഡ്ജി ലൈജമോള്‍ ഷെരീഫ് ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

2013-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അരയ്ക്ക് താഴേക്ക് സ്വാധീനമില്ലാത്ത ശാന്തൻപാറ സ്വദേശിനിയായ യുവതിയെ ചികിത്സയിലൂടെ സുഖപ്പെടുത്താമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി വീട്ടിലെത്തിയത്. യുവതിയുടെ വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം നോക്കി ഇയാള്‍ നിരന്തരം പീഡനത്തിനിരയാക്കുകയായിരുന്നു. യുവതി ഗർഭിണിയായ വിവരം പുറത്തറിഞ്ഞതോടെ വിവാഹം കഴിക്കാമെന്നും സംരക്ഷിക്കാമെന്നും വീട്ടുകാരെയും അതിജീവിതയെയും വിശ്വസിപ്പിച്ച്‌ ഇയാള്‍ ഒപ്പം നിന്നു. തുടർന്ന് പ്രസവത്തിനായി യുവതിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം പണവുമായി വരാമെന്ന് പറഞ്ഞ് മുങ്ങുകയായിരുന്നു.

പിന്നീട് ഒളിവില്‍ പോയ പ്രതിയെ 2014 ഫെബ്രുവരിയില്‍ അമ്മയെ കാണാൻ നാട്ടിലെത്തിയപ്പോഴാണ് ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തത്. കേസിന്റെ വിചാരണ വേളയില്‍ അതിജീവിതയുടെ മൊഴിയും സംഭവത്തില്‍ ഇടപെട്ട സാമൂഹ്യപ്രവർത്തകയായ അങ്കണവാടി ജീവനക്കാരിയുടെ മൊഴിയും പ്രതിക്കെതിരെയുള്ള നിർണ്ണായക തെളിവുകളായി. ശാന്തൻപാറ എസ്‌എച്ച്‌ഒമാരായ ടി.എ. യൂനുസ്, സി.ആർ. പ്രമോദ് എന്നിവരാണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. അഭിലാഷ് കോടതിയില്‍ ഹാജരായി.