സെർവർ തകരാർ പരിഹരിക്കാനായില്ല; സംസ്ഥാനത്തെ റേഷൻ കടകൾ നാളെ വരെ അടച്ചിടും
തിരുവനന്തപുരം: സെർവർ തകരാർ മൂലം സംസ്ഥാനത്തെ റേഷൻ കടകൾ നാളെ വരെ അടച്ചിടും. മറ്റന്നാൾ മുതൽ 3 ദിവസം ഏഴ് ജില്ലകളിൽ വീതം രാവിലെയും വൈകിട്ടുമായി റേഷൻ വിതരണ സമയം ചുരുക്കാനാണ് തീരുമാനം. റേഷൻ മുടങ്ങിയതോടെ നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്.
തുടർച്ചയായ നാലാം ദിവസവും ഇപോസ് മെഷീൻ പണിമുടക്കിയതോടെയാണ് സംസ്ഥാനത്തെ റേഷൻ കടകൾ അടച്ചിടേണ്ടി വന്നത്. പൊതു അവധിയടക്കം റേഷൻ കടകൾ ഇത്രയധികം ദിവസങ്ങൾ അടച്ചിടുന്നത് ഇതാദ്യമായാണ്. സംസ്ഥാനത്ത് മൂന്ന് വർഷത്തിലേറെയായി സെർവർ തകരാർ മൂലം പലതവണ റേഷൻ വിതരണം മുടങ്ങിയിട്ടുണ്ട്. നാഷണൽ ഇൻഫർമാറ്റിക്സ് സെന്‍ററിന്‍റെ ഹൈദരബാദ് യൂണിറ്റ് സെർവർ തകരാർ രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്നാണ് അറിയിച്ചത്.
സർക്കാർ ഉടനടി പരിഹാരം കണ്ടെത്തിയില്ലെങ്കിൽ സമരപരിപാടികളിലേക്ക് കടക്കുമെന്ന് റേഷൻ വ്യപാരികൾ അറിയിച്ചു. റേഷൻ കിട്ടാതായാതോടെ പലയിടങ്ങളിലും കയ്യാകളിയിലേക്കടക്കം നീങ്ങുന്നു. ഏപ്രിൽ 29 മുതൽ മെയ് 3 വരെ റേഷൻ വിതരണത്തിൽ സമയക്രമീകരണം കൊണ്ടുവരും. ഏപ്രിൽ മാസത്തെ റേഷൻ വാങ്ങാൻ മെയ് അഞ്ച് വരെ സമയം നീട്ടി നൽകും.