ലൈസൻസ് പോലെ സ്മാർട്ട് കാർഡ് ആർ.സി.ബുക്കും
സംസ്ഥാനത്തെ വാഹനരജിസ്ട്രേഷന്‍രേഖകളുടെ വിതരണം ഇടനിലക്കാരുടെ കൈകടത്തലില്ലാത്ത കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറുന്നു. സ്മാര്‍ട്ട് ലൈസന്‍സ് മാതൃകയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ എറണാകുളം തേവരയില്‍നിന്ന് വാഹനങ്ങളുടെ ആര്‍.സി. (രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്) വിതരണം ആരംഭിക്കും.
ഓഫീസുകളില്‍നിന്നും ഓണ്‍ലൈനില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ചായിരിക്കും തേവരയിലെ കേന്ദ്രത്തില്‍നിന്ന് ആര്‍.സി. അച്ചടിച്ച് വിതരണംചെയ്യുക. ഡ്രൈവിങ് ലൈസന്‍സ് മാതൃകയില്‍ പേഴ്സിലൊതുങ്ങുന്ന പെറ്റ് ജി കാര്‍ഡിലേക്ക് ആര്‍.സി.യും മാറും. എ.ടി.എം. കാര്‍ഡിന്റെ വലുപ്പമാണുണ്ടാകുക. നിലവില്‍ അതത് ഓഫീസുകളില്‍നിന്നും പ്ലാസ്റ്റിക് ലാമിനേറ്റഡ് കാര്‍ഡുകളാണ് നല്‍കുന്നത്.
ഇടനിലക്കാര്‍ ഏല്‍പ്പിക്കുന്ന അപേക്ഷകള്‍ പെട്ടെന്നുതീര്‍പ്പാക്കി ആര്‍.സി. വിതരണംചെയ്യുന്നുവെന്ന പരാതി കേന്ദ്രീകൃതസംവിധാനത്തിലേക്ക് മാറുമ്പോള്‍ ഇല്ലാതാകും. മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളിലെ വലിയൊരു ജോലിഭാരവും ഇതോടെ കുറയും. ലാമിനേറ്റഡ് കാര്‍ഡുകള്‍ തയ്യാറാക്കാനും തപാലില്‍ അയക്കാനും നിയോഗിച്ച ജീവനക്കാരെ ഇനി മറ്റുജോലികളിലേക്ക് വിന്യസിക്കാനാകും.