മെഡിക്കൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ; സെപ്റ്റംബർ 30 വരെ പിഴയില്ലാതെ പുതുക്കാം
സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രി, പാരാമെഡിക്കൽ സ്ഥാപനങ്ങൾക്കും 2024 മാർച്ച് 31 വരെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള സമയ പരിധി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഇതോടെ സെപ്റ്റംബർ 30 വരെ പിഴ കൂടാതെ സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ പുതുക്കാൻ കഴിയും.
കൊച്ചി പാലാരിവട്ടത്തെ സെന്റ് ആന്റണീസ് ഹോമിയോപ്പതിക് ക്ലിനിക് ഉടമ സ്മിത ജിജോ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ്, തദ്ദേശ അദാലത്തിൽ ഈ തീരുമാനമെടുത്തത്. സംസ്ഥാനത്തെ എല്ലാ വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെയും ലൈസൻസ് പിഴ കൂടാതെ പുതുക്കുന്നതിനുള്ള കാലാവധി മുൻപ് തന്നെ സെപ്റ്റംബർ 30 വരെ സർക്കാർ ദീർഘിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച ജൂൺ 29ലെ ഉത്തരവ്, സ്വകാര്യ ആശുപത്രി- പാരാമെഡിക്കൽ സ്ഥാപന രജിസ്ട്രേഷനും കൂടി ബാധകമാക്കാനാണ് മന്ത്രി ഉത്തരവിട്ടത്.
ഇതിന് ആവശ്യമായ സജ്ജീകരണം കെ സ്മാർട്ടിൽ ഒരുക്കും. വസ്തുനികുതി സംബന്ധിച്ച ഡേറ്റ പ്യൂരിഫിക്കേഷൻ നടപടികൾ ചില നഗരസഭകളിൽ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് വ്യാപാര- വ്യവസായ- വാണിജ്യ ലൈസൻസ് സെപ്റ്റംബർ 30 വരെ നീട്ടാൻ തീരുമാനിച്ചത്.