കൊച്ചിയിൽ തോക്ക് ചൂണ്ടി 81 ലക്ഷം കവർന്ന സംഭവം; അഞ്ചുപേർ പിടിയിൽ
കൊച്ചി: നഗരത്തിലെ സ്റ്റീൽ കമ്പനിയിൽ നിന്ന് തോക്കു ചൂണ്ടി 81 ലക്ഷം രൂപ കവർന്ന സംഭവത്തിൽ അഞ്ചു പേർ പിടിയിൽ. സംഭവത്തിൽ ഉൾപ്പെട്ട രണ്ടു പേരും ഇവരെ സഹായിച്ചു എന്നു കരുതുന്ന 3 പേരുമാണ് ഇതുവരെ പിടിയിലായിട്ടുള്ളത്. മുഖംമൂടി ധരിച്ചെത്തി കവർച്ച നടത്തിയ 4 പേരെ പിടികൂടാനായിട്ടില്ല. അതേ സമയം, സംഭവത്തിൽ നോട്ടിരട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. അരൂർ ബൈപ്പാസിനോടു ചേർന്ന് കുണ്ടന്നൂരിലുള്ള നാഷണൽ സ്റ്റീൽ കമ്പനിയിൽ ഇന്നലെ വൈകിട്ട് മൂന്നേകാലോടെയായിരുന്നു സംഭവം. സ്റ്റീൽ കമ്പനി ഉടമ തോപ്പുംപടി സ്വദേശി സുബിൻ തോമസ് മരട് പൊലീസിൽ പരാതി നൽകിയിരുന്നു.
കവർച്ചാ സംഘം സഞ്ചരിച്ച രണ്ടു കാറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ ഒരു വാഹനം തൃശൂരിൽ നിന്നാണ് പിടിച്ചത്. 81 ലക്ഷം രൂപ കൊടുത്താൽ 1.10 കോടിയായി കിട്ടുന്ന ‘ട്രേഡ് പ്രോഫിറ്റ് ഫണ്ടെ’ന്ന പേരിൽ തമിഴ്നാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നോട്ടിരട്ടിപ്പാണ് സംഭവത്തിനു തുടക്കമെന്നാണ് പൊലീസിനുള്ള വിവരം. രണ്ടാഴ്ച മുമ്പ് ഇക്കാര്യവുമായി സജി കടയുടമ സുബിനെ സമീപിച്ചിരുന്നു എന്നും തുടർന്ന് എറണാകുളം സ്വദേശികളും നോട്ടിരട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടവരുമായ വിഷ്ണു, ജോജി എന്നിവരെ പരിചയപ്പെടുത്തുകയുമായിരുന്നു എന്നാണ് വിവരം. മുഖംമൂടിയിട്ട് നാലംഗ കവർച്ചാ സംഘം കമ്പനിയിൽ എത്തുമ്പോൾ സജിയും വിഷ്ണുവും ജോജിയും സ്ഥലത്തുണ്ടായിരുന്നു. പണം എണ്ണി തിട്ടപ്പെടുത്തുകയായിരുന്നു ഇവർ എന്നാണ് അറിയുന്നത്. കവർച്ചാ സംഘം എത്തിയതോടെ വിഷ്ണുവും ജോജിയും സ്ഥലത്തു നിന്ന് മുങ്ങി. സജിയെ സുബിനും കടയിലെ ജീവനക്കാരും കൂടി പിടിച്ചുവച്ച് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.
