കോഴിക്കോട് മെഡിക്കല്‍ കോളജ് വികസനത്തിന് 12.56 കോടി അനുവദിച്ചു
കോഴിക്കോട്: കോഴിക്കോട് ഗവണ്മെന്‍റ് മെഡിക്കൽ കോളേജിന്‍റെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 12.56 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. അത്യാധുനിക ഉപകരണങ്ങൾ സജ്ജമാക്കുന്നതിന് 9.65 കോടി രൂപയും നവീകരണ പ്രവർത്തനങ്ങൾക്ക് 2.91 കോടി രൂപയും അനുവദിച്ചു. മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങളും ഒരുക്കാൻ ഇത് സഹായിക്കും. നവജാത ശിശുക്കളുടെ പ്രത്യേക തീവ്രപരിചരണത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ആദ്യമായി നിയോനെറ്റോളജി വിഭാഗം ആരംഭിച്ചു. അമ്മയ്ക്കും കുഞ്ഞിനും മതിയായ പരിചരണം ഉറപ്പാക്കാൻ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ എൻഡോസ്കോപ്പ് 20 ലക്ഷം, കൊളോനോസ്‌കോപ്പ് 20 ലക്ഷം, എന്‍ഡോസ്‌കോപ്പി സിസ്റ്റം 30 ലക്ഷം, ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള നാവിഗേഷന്‍ സിസ്റ്റം 80 ലക്ഷം എന്നിങ്ങനെയാണ് പ്രധാന ഉപകരണങ്ങള്‍ വാങ്ങാന്‍ തുകയനുവദിച്ചത്. വോളിബോള്‍ കോര്‍ട്ട് നിര്‍മ്മാണം, സ്ട്രീറ്റ് ലൈറ്റ്, സീലിംഗ് ഫാനുകള്‍, മറ്റ് നവീകരണം എന്നിവയ്ക്കായി 2.91 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.