റഷ്യൻ ആക്രമണം; യുഎസിൽ നിന്നും സൈനിക സഹായം തേടി യുക്രൈൻ
കീവ്: യുക്രൈനിൽ റഷ്യൻ സേന ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ യുഎസിൽ നിന്നും കൂടുതൽ സൈനിക സഹായം തേടി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. സെലൻസ്കിയുടെ വൈറ്റ് ഹൗസ് സന്ദർശനം അടുത്തിരിക്കെയാണ് റഷ്യൻസേന യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഹർകീവിൽ ശക്തമായ ബോംബ്, ഡ്രോൺ ആക്രമണങ്ങൾ നടത്തിയത്. യൂറോപ്പിൽനിന്നുള്ള സൈനികസഹായം കുത്തനെ കുറഞ്ഞതോടെയാണ് യുഎസ് നിർമിത ടോമഹോക് മിസൈലുകൾക്കായി ട്രംപിനോട് അഭ്യർഥിക്കാൻ സെലെൻസ്കി ഒരുങ്ങുന്നത്. വെള്ളിയാഴ്ചയാണു സെലെൻസ്കിയുടെ യുഎസ് സന്ദർശനം.
ഹർകീവിലെ പ്രധാന ആശുപത്രിയിലും ബോംബ് വീണതോടെ രോഗികളെ ഒഴിപ്പിച്ചു. ഊർജനിലയങ്ങൾക്കുനേരെയും ആക്രമണമുണ്ടായി. ദീർഘദൂര മിസൈലായ ടോമഹോക് യുക്രെയ്നിനു നൽകുമെന്നു കഴിഞ്ഞദിവസം ട്രംപ് റഷ്യയ്ക്കു മുന്നറിയിപ്പു നൽകിയിരുന്നു. റഷ്യയുടെ ഉൾപ്രദേശങ്ങളിലും ആക്രമണം നടത്താൻ ഈ മിസൈൽ ലഭിച്ചാൽ യുക്രെയ്നിനാവും. അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങളെ റഷ്യ സ്വാഗതം ചെയ്തു.
