ശബരിമലയിൽ സുരക്ഷ വർധിപ്പിച്ചു; സന്നിധാനം കമാൻഡോ ടീമിൻ്റെ നിയന്ത്രണത്തിൽ
പത്തനംതിട്ട: ശബരിമലയിൽ ഇന്ന് ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പതിനെട്ടാം പടി കയറി സന്നിധാനത്തെത്തുന്ന തീർത്ഥാടകരെ കൂടുതൽ സമയം നിൽക്കാൻ അനുവദിക്കില്ല. സുരക്ഷാ ക്രമീകരണത്തിൻ്റെ ഭാഗമായി ഹെലികോപ്ടറിൽ ആകാശ നിരീക്ഷണവും നടത്തും. ബാബറി മസ്ജിദ് തകർക്കപ്പെട്ടതിൻ്റെ വാർഷിക ദിനമായതിനാൽ പോലീസും കേന്ദ്രസേനയും ചേർന്നാണ് സംയുക്ത സുരക്ഷ തീർക്കുന്നത്.
പമ്പ മുതൽ സന്നിധാനം വരെ അതീവ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമല സന്നിധാനം 17 അംഗ കമാൻഡോ ടീമിൻ്റെ നിയന്ത്രണത്തിലാകും.ശബരിമലയിൽ തീർത്ഥാടകരുടെ പ്രവാഹം തുടരുകയാണ്. നാളെയും മറ്റന്നാളും ശനിയും ഞായറും ആയതിനാൽ ഇനിയും തിരക്ക് കൂടാനുള്ള സാധ്യതയാണുള്ളത്.
ഇന്ന് ഇതുവരെ 25,000ത്തോളം തീർത്ഥാടകർ പതിനെട്ടാം പടി ചവിട്ടിക്കഴിഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം 84,024 പേരാണ് പതിനെട്ടാം പടി ചവിട്ടിയത്. അതേസമയം, ഈ മണ്ഡലകാലത്ത് ശബരിമലയിൽ എത്തിയ തീർത്ഥാടകരുടെ എണ്ണം 15 ലക്ഷം കഴിഞ്ഞു. നട തുറന്ന് 21-ാം ദിവസമാണ് 15 ലക്ഷം തീർത്ഥാടകർ സന്നിധാനത്ത് എത്തിയത്.