ശബരിമല ; അരവണ – കാണിയ്ക്ക വരുമാനത്തില്‍ വര്‍ധന
ശബരിമല: ശബരിമലയിലെ വരുമാനത്തില്‍ വന്‍ വര്‍ധനയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പിഎസ്.പ്രശാന്ത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ വരുമാനം 141.13 കോടി രൂപയായിരുന്നുവെന്നും ഇപ്പോഴത് 22.76 കോടി വര്‍ധിച്ച് 163.89 കോടി രൂപയായെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കണക്കുകള്‍ അവതരിപ്പിച്ചത്.
മണ്ഡല കാലം ആരംഭിച്ച് ഡിസംബര്‍ 14 ന് 29 ദിവസം പിന്നിട്ടപ്പോഴുള്ള കണക്കുകളാണ് പുറത്തു വിട്ടിട്ടുള്ളത്. അരവണ വില്‍പനയിലാണ് കാര്യമായ മുന്നേറ്റം ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 14 വരെയുള്ള കണക്കുകള്‍ പ്രകാരം 82.68 കോടി രൂപയുടെ അരവണ വിറ്റു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം സീസണിലെ ആകെ വിറ്റുവരവ് തുകയായ 65.26 കോടി രൂപയില്‍ നിന്ന് 17.41 കോടി രൂപ കൂടുതലാണിത്. കാണിക്കവഞ്ചിയില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ച തുകയേക്കാള്‍ 8.35 കോടി രൂപയും ഇത്തവണ അധികമെത്തിയിട്ടുണ്ട്.