ശബരിമലയില്‍ ഭക്തർക്ക് അയ്യനെ കണ്ടു തൊഴുന്നതിന് പുതിയ ദർശന സംവിധാനം
ശബരിമലയില്‍ ഭക്തർക്ക് അയ്യനെ കണ്ടു തൊഴുന്നതിന് പുതിയ ദർശന സംവിധാനം പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കിയത് ഇക്കഴിഞ്ഞ മീനമാസ പൂജയ്ക്ക് നട തുറന്നപ്പോഴാണ്.പുതിയ പരിഷ്കാരങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയിച്ചാണ് ദേവസ്വം ബോർഡ് നടപടികളിലേക്ക് കടന്നത്. കൊടിമരച്ചുവട്ടില്‍ നിന്ന് ബലിക്കല്‍പ്പുരയുടെ വശത്തുകൂടി സോപാനത്തേക്ക് ഭക്തരെ കടത്തിവിടുന്ന പുതിയ സംവിധാനം പൂർണ തോതില്‍ വിജയിച്ചുവെന്ന് പറയാനാവില്ല. പക്ഷെ, തിരക്കു കുറഞ്ഞ ദിവസങ്ങളില്‍ ഭക്തർക്ക് അൻപത് സെക്കൻഡ് വരെ ദർശന സൗകര്യം ലഭിക്കുമെന്നതാണ് പുതിയ കാര്യം. ഇങ്ങനെ തിരക്കില്ലാതെ അയ്യനെ കണ്ടു തൊഴുതവർ പൂർണ സംതൃപ്തിയോടെയാണ് മടങ്ങിയത്. നട തുറന്ന മുപ്പതിന് വൈകിട്ട് ഭക്തരുടെ എണ്ണം കുറവായിരുന്നതു കൊണ്ട് പുതിയ രീതിയിലെ ദർശനം സംവിധാനത്തില്‍ പാളിച്ചകളുണ്ടായില്ല. എന്നാല്‍, മീനം ഒന്നിന് രാവിലെ സന്നിധാനത്ത് തിരക്ക് കൂടിയിരുന്നു. ക്യൂ നടപ്പന്തലിലേക്ക് നീണ്ടപ്പോള്‍ കൊടിമരച്ചുവട്ടില്‍ നിന്ന് നേരെ സോപാനത്തേക്ക് ഭക്തരെ കയറ്റിവിടുന്ന പുതിയ പരിഷ്കരണം താളംതെറ്റി. ഭക്തരുടെ തിക്കും തിരക്കും അനിയന്ത്രിതമായി. ആവശ്യത്തിന് പൊലീസുമുണ്ടായിരുന്നില്ല. മാസപൂജ സമയത്ത് തീർത്ഥാടന കാലത്തെപ്പോലെ പൊലീസ് ഉണ്ടാകാറില്ല.