സ്വാമി അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാനുള്ള അനുമതി റദ്ദാക്കി
ശബരിമല ക്ഷേത്രപരിസരത്ത് അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാന്‍ സ്വകാര്യ വ്യക്തിക്ക് നല്‍കിയ അനുമതി റദ്ദാക്കിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കേരള ഹൈക്കോടതിയെ അറിയിച്ചു.ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ആരംഭിച്ച സ്വമേധയായുള്ള നടപടികള്‍ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈറോഡിലെ ലോട്ടസ് മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും ഐവിഎഫ് ഫെര്‍ട്ടിലിറ്റി സെന്ററിന്റെയും ചെയര്‍മാന്‍ ഇ. കെ. സഹദേവന് ശബരിമലയില്‍ വിഗ്രഹം സ്ഥാപിക്കാന്‍ ടിഡിബി അനുമതി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വിഗ്രഹ പ്രതിഷ്ഠക്കായി പൊതുജന സംഭാവന ആവശ്യപ്പെട്ട് സഹദേവന്‍ ലഘുലേഖകള്‍ പ്രചരിപ്പിച്ചതായും, ‘റോട്ടറി ഫ്രീഡം ഇന്ത്യ ട്രസ്റ്റ്’ എന്ന അക്കൗണ്ടിലേക്ക് സംഭാവനകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബുധനാഴ്ച കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, വസ്തുതകള്‍ തെറ്റായി അവതരിപ്പിച്ച് ഫണ്ട് സ്വരൂപിച്ചതിന് സഹദേവനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ദേവസ്വം കമ്മീഷണറോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ബോര്‍ഡ് വ്യക്തമാക്കി.
വിഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സഹദേവന്‍ സ്വരൂപിച്ച ഫണ്ടിന്റെ വ്യാപ്തി സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ലഭിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച്, ജസ്റ്റിസുമാരായ വി. രാജ വിജയരാഘവന്‍, കെ. വി ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കേസ് സപ്തംബര്‍ 10 ലേക്ക് മാറ്റി.
