ശബരിമലയില്‍ വൻ ഭക്തജന തിരക്ക്; സുരക്ഷ വര്‍ധിപ്പിച്ചു

ശബരിമല: ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്. ഇന്ന് 90,000 പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തത്. സന്നിധാനത്തേക്ക് ഭക്തര്‍ കൂട്ടമായി എത്തുന്നതാണ് പലപ്പോഴും തിരക്ക് പെട്ടെന്ന് കൂടാന്‍ കാരണമാകുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ ബുക്ക് ചെയ്ത ദിവസം കൂടിയാണ് ഇന്ന്. സ്‌പോട്ട് ബുക്കിങ് വഴി 16000 പേര്‍ ദര്‍ശനം നടത്തി. പുതിയ ബാച്ചില്‍ 1600 പൊലീസുകാരണ് എത്തുന്നത്.

തിരക്ക് വര്‍ദ്ധിച്ചതോടെ ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാന്‍ ക്യൂ കോംപ്ലക്‌സുകള്‍ സജീവമാക്കി അധികൃതര്‍. തിരുപ്പതി ദര്‍ശനത്തിന് സമാനമായ ഡൈനാമിക് ക്യൂ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്യൂ കോംപ്ലക്‌സില്‍ നിന്നും യാത്ര തുടരാനാകുന്ന ഏകദേശ സമയം പ്രദര്‍ശിപ്പിക്കുന്ന, പുത്തന്‍ സംവിധാനവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

എട്ടുവര്‍ഷം മുമ്പ് 9 കോടി മുടക്കിയാണ് മരക്കൂട്ടത്തിനും ശരംക്കുത്തിക്കും ഇടയില്‍ 6 ക്യു കോംപ്ലക്‌സുകള്‍ സ്ഥാപിച്ചത്. കോംപ്ലക്‌സിലെ 18 പ്രത്യേക ഹാളുകളില്‍ തീര്‍ത്ഥാടകരെ എത്തിച്ച്, ഏറെ നേരം ക്യൂ നില്‍ക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിത്യസ്തമായി ഡൈനാമിക് ക്യൂവിനെ നിയന്ത്രിക്കാന്‍ കോംപ്ലക്‌സിനുള്ളില്‍ തന്നെ പ്രത്യേകം ആധുനിക കണ്‍ട്രോള്‍ റൂമാണ് സജ്ജമാക്കിയിരിക്കുന്നത്. തീര്‍ത്ഥാടകരുടെ ഒഴുക്കും, നടപ്പന്തല്‍ വരെയുള്ള പാതയിലെ തിരക്കും ക്യാമറകളിലൂടെ നിരീക്ഷിച്ചാണ് ക്യൂവിന്റെ നിയന്ത്രണം.