ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക്,കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ നിർദേശം

ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തീർത്ഥാടകർക്ക് ദോഷമില്ലാത്ത തരത്തിൽ സംവിധാനങ്ങൾ ഒരുക്കണം. നവകേരള സദസ്സിനിടെ തേക്കടിയിൽ വിളിച്ചു ചേർത്ത പ്രത്യേക അവലോകന യോഗത്തിൽ ശബരിമലയിലെ നിലവിലെ സ്ഥിതി മുഖ്യമന്ത്രി വിലയിരുത്തി.

മണ്ഡലകാലത്ത് ആദ്യ 19 ദിവസങ്ങളില്‍ എത്തിച്ചേര്‍ന്ന തീര്‍ത്ഥാടകരുടെ എണ്ണം ശരാശരി 62,000 ആയിരുന്നു. ഡിസംബര്‍ 6 മുതലുള്ള നാലു ദിവസങ്ങളില്‍ ഇത് 88,000 ആയി വര്‍ദ്ധിച്ചു. ഇതാണ് വലിയ തിരക്കിന് ഇടയാക്കിയത്. ഇത് ക്രമീകരിക്കാന്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ സ്പോട്ട് ബുക്കിങ്ങ് അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി നിർദേശിച്ചു.